
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പത്തുപേർക്കെതിരേ വിതുര പോലീസ് കേസെടുത്തു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ ലാൽ റോഷിൻ അടക്കം കണ്ടാലറിയാവുന്ന പത്തുപേരെയാണ് പ്രതിചേർത്തത്. ആംബുലൻസ് തടഞ്ഞതിനും മെഡിക്കൽ ഓഫീസർ അടക്കമുള്ളവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
വിതുര സ്വദേശി ബിനുവിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചായിരുന്നു ബിനുവിന്റെ മരണം.
വിഷം കഴിച്ചനിലയില്‍ ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതെന്നാണ് ആരോപണം. ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞത്.
ആംബുലന്‍സ് തടഞ്ഞത് കാരണം ബിനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, പ്രതിഷേധത്തിന് ശേഷമാണ് ബിനുവിനെ വിതുര ആശുപത്രിയില്‍ കൊണ്ടുവന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം.