
മോസ്കോ: യുക്രെയ്നുമായി സമാധാനചർച്ചകൾക്കു തയാറാണെന്ന് റഷ്യ. എന്നാൽ ഇത് ശ്രമകരമായ പ്രക്രിയയാണെന്നും സമയമെടുക്കുമെന്നും റഷ്യ അറിയിച്ചു. സമാധാനത്തിനു മുൻപേ റഷ്യയുടെ ലക്ഷ്യങ്ങൾ നേടുന്നതിനാണു മുൻഗണനയെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 50 ദിവസത്തിനകം വെടിനിർത്തൽ കരാറിനു സമ്മതിച്ചില്ലെങ്കിൽ കടുത്ത ഉപരോധം നേരിടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് ദിമിത്രി പെസ്കോവിന്റെ പ്രതികരണം.
സമാധാന ചർച്ചകൾ തടസപ്പെടുത്തുന്നു എന്ന യുക്രെയ്നിന്റെയും അതിന്റെ പാശ്ചാത്യ പങ്കാളികളുടെയും ആരോപണങ്ങൾ പെസ്കോവും മറ്റ് റഷ്യൻ ഉദ്യോഗസ്ഥരും ആവർത്തിച്ച് നിഷേധിച്ചിരുന്നു. 2022 ൽ കയ്യേറിയ 4 യുക്രെയ്ൻ പ്രവിശ്യകൾ റഷ്യയുടേതായി അംഗീകരണമെന്നതാണു പുട്ടിന്റെ പ്രധാന ആവശ്യം. ഇത് യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല. നാറ്റോ സഖ്യത്തിൽ അംഗമാകാനുള്ള നീക്കം യുക്രെയ്ൻ ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. അതേസമയം, യുക്രെയ്‌നിനു നേരെയുള്ള ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് റഷ്യയെന്നും റിപ്പോർട്ടുകളുണ്ട്.