ലാൽസലാം സഖാവേ… വിഎസിന് വിടച്ചൊല്ലാൻ നാട്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വിടച്ചൊല്ലാൻ ഒരുങ്ങി നാട്. വിഎസിന്റെ ഭൗതികദേഹം സെക്രട്ടേറിയറ്റ് ദർബാർഹാളിൽ പൊതുദർശനത്തിനുവച്ചു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽനിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. വിഎസിനെ അവസാനമായി കാണാൻ ജനക്കൂട്ടം സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തി. ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ട്.

ഇന്നു രാത്രി ഒൻപതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു.

പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിങ് ബോർഡ് ജംക്‌ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവടങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകണം.

പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്‌സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോർ തിയറ്റർ ഗ്രൗണ്ട്, തൈക്കാട് പിടിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിലും കവടിയാറിലെ സാൽവേഷൻ ആർമി ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം.
ഇവിടെയല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ജ്വലിക്കുന്ന സമരനായകന് വിടച്ചൊല്ലാൻ കേരളം

വിഎസ് അച്യുതാനന്ദന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും സൗമ്യനായ നേതാവ്. സിപിഎം സ്ഥാപകനേതാവ്. വിശേഷണങ്ങള്‍ അധികം. 21 ജൂലൈ 2025ന് വിഎസ് ലോകത്തോട് വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ ഇനിയും ജനഹൃദയങ്ങളില്‍ ആഴത്തില്‍തന്നെ അലയടിച്ചുക്കൊണ്ടിരിക്കും. കേരള രാഷ്ട്രീയത്തിന്റെ ചരിത്രം അദ്ദേഹത്തിന്റെ ജീവിതപാതകളുടെ ചരിത്രം കൂടിയാണ്. കേരള രാഷ്ട്രീയത്തിന്റെ മുതല്‍ക്കൂട്ടാണ് വിഎസ് എന്ന സഖാവ്.

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍ 1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ചു. ഗംഗാധരന്‍, പുരുഷോത്തമന്‍, ആഴിക്കുട്ടി എന്നിവര്‍ സഹോദരങ്ങള്‍. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അച്ഛന്റെ സഹോദരിയായിരുന്നു വളര്‍ത്തിയത്. ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം സഹോദരന്റെ കൂടെ ജൗളിക്കടയിലും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.

നിവര്‍ത്തന പ്രക്ഷോഭം നടക്കുന്ന സമയമായിരുന്നു അത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് 1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാവുകയും രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും ചെയ്തു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേക്ക് ഒളിവില്‍ പോയി. പിന്നീട് അറസ്റ്റിലാവുകയും ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.

1952 ല്‍ വി എസ് അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954 ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ വിഎസ് 1956 ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും നിയമിതനായി. 1959 ല്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം.

1965-ല്‍ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ല്‍ ഇവിടെ കോണ്‍ഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവര്‍ത്തിച്ചു. ആര്‍എസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോല്‍പിച്ചത്.

എന്നാല്‍, 1977-ല്‍ കെ.കെ. കുമാരപിള്ളയോട് 5585 വോട്ടിന് വിഎസിന് അടിയറവു പറയേണ്ടി വന്നു. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 1991-ല്‍ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വിഎസ് 1996-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോടു തോറ്റു. വിഎസിന്റെ ഈ പരാജയം സിപിഎമ്മില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. ജില്ലയില്‍ ജനിച്ചുവളര്‍ന്ന നേതാവ് മാരാരിക്കുളത്തു തോറ്റപ്പോള്‍ ഞെട്ടിയത് ആലപ്പുഴ കൂടിയായിരുന്നു. അങ്ങനെ 2001 മുതല്‍ വിഎസ് മലമ്പുഴയുടെ സ്വന്തം എംഎല്‍എയായി.

1986 മുതല്‍ 2009 വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതല്‍ 2015 വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന അദ്ദേഹം അറിയപ്പെട്ടിരുന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ്.

2006-2011 ലെ 12 -ആം കേരള നിയമസഭയില്‍ കേരളത്തിലെ ഇരുപതാമത് മുഖ്യമന്ത്രിയുമായിരുന്നു.

2015 ല്‍ ആലപ്പുഴയില്‍ നടന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത് അന്ന് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്. 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്‍പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിച്ചിരുന്ന വിഎസിന് ഇതിലൂടെ ഒരു ബഹുജന നേതാവിന്റെ പ്രതിച്ഛായ ആര്‍ജ്ജിക്കുവാന്‍ നിഷ്പ്രയാസം കഴിഞ്ഞു.

മതില്‍ക്കെട്ടാനുള്ള ഭൂമി കൈയ്യേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ജനമധ്യത്തില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും ഏറെ നിര്‍ണായകമാണ്.

അങ്ങനെ 2020 ജനുവരിയില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി രാജിവച്ച് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

സമരഭരിതമായ ഒരു കാലത്തിന്റെ അടയാളമായ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരിക്കല്‍കൂടി പ്രണാമം……..

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *