
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വിട നൽകാൻ ഒരുങ്ങി ജന്മനാട്. വിഎസിന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി മുതൽ നാളെ സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
ഗതാഗത നിയന്ത്രണം:
എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെൻറ് സ്‌ക്വയർ കണ്ണൻ വർക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.
എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.
കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.
കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.
വസതിയിലെ പൊതു ദർശ്ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം, വിഎസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ട് ജില്ലയിലേക്ക് വരുന്ന വിലാപയാത്രയിൽ ഉടനീളവും പൊതുദർശനം, സംസ്കാരം നടക്കുന്ന സ്ഥലങ്ങളിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വിലാപയാത്ര ജില്ലാ അതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ മെഡിക്കൽ ഓഫീസർ, നഴ്സിങ് ഓഫീസർ, നേഴ്സിങ് അസിസ്റ്റൻറ് എന്നിവർ അടങ്ങുന്ന മെഡിക്കൽ സംഘം ആവശ്യമായ മരുന്നുകൾ സഹിതം അനുഗമിക്കും. വിലാപയാത്രയിലും തുടർന്ന് വി എസ് അച്യുതാനന്ദൻറെ പുന്നപ്രയിലെ വസതിയിലും ഡ്രൈവറടക്കം ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാളെ വിലാപയാത്രയിലും പൊതുദർശന വേളയിലും സംസ്കാര ചടങ്ങുകളിലും മെഡിക്കൽ സംഘത്തിൻറെ ആംബുലൻസിൻറെയും സേവനമുണ്ടാകും. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, യു.എച്ച്.ടി.സി അമ്പലപ്പുഴ എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൃഷണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മാവേലിക്കര ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി സി.എച്ച്.സി തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ ഇന്നും ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി ഹരിപ്പാട് താലൂക്ക് ആശുപത്രി, പുളിങ്കുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നാളെയും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ വി.ഐ.പി ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.