
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും സ്തംഭിച്ച് പാർലമെൻറ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടർന്ന് രണ്ട് മണി വരെ നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരെ രാവിലെ പാർലമെൻറ് കവാടത്തിലും എംപിമാർ പ്രതിഷേധിച്ചിരുന്നു. ജഗദീപ് ധൻകറിൻറെ രാജിയിൽ ദുരൂഹത തുടരുന്നതിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെൻറിൽ കൂടിക്കാഴ്ച നടത്തി.
അതേസമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിക്ക് പിന്നിൽ ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ, പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻകറിന്റെ ആഹ്വാനം കേന്ദ്ര സർക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം കേന്ദ്രം തയ്യാറാക്കുകയും പ്രതിപക്ഷ എംപിമാരിൽ നിന്ന് ഒപ്പുകൾ വാങ്ങുകയും ലോക്സഭയിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ധൻകർ പ്രതിപക്ഷ എംപിമാരുടെ പ്രമേയം സർക്കാരിനെ അറിയിക്കാതെ അംഗീകരിച്ചപ്പോൾ സർക്കാർ പ്രതിസന്ധിയിലായി. തുടർന്ന് ബിജെപിയിലും കേന്ദ്ര സർക്കാറിലും വൈസ് പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നും റിപ്പോർട്ടുണ്ട്.