
മോസ്കോ: റഷ്യയിൽ വിമാനം തകർന്നുവീണ് അപകടം. അപടത്തിൽ വിമാനത്തിലെ യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 49 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെടുന്നതിനു മുൻപ് രണ്ടുതവണ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചിരുന്നെന്നും രണ്ടാമത് ലാൻഡ് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റഷ്യൻ ട്രാൻസ്പോർട്ട് പ്രോസിക്യൂട്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എഎൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചത്. റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.