
ബെയ്ജിങ്: ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ജൂലായ് 24 മുതൽ ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം.
2020-ൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയിൽനിന്നുള്ളവർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താത്കാലികമായി നിർത്തിവെച്ചത്. തുടർന്ന് അഞ്ചുവർഷത്തോളം ഇത് നീണ്ടുപോവുകയായിരുന്നു.
ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്കായി ഇനിമുതൽ അപേക്ഷിക്കാമെന്നാണ് ചൈനയിലെ ഇന്ത്യൻ എംബസിയുടെ പുതിയ അറിയിപ്പ്. ഓൺലൈൻ വഴി അപേക്ഷ നൽകിയശേഷം ചൈനയിൽ വിവിധയിടങ്ങളിലുള്ള ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളിലെത്തി പാസ്‌പോർട്ടും മറ്റുരേഖകളും സമർപ്പിക്കണമെന്നും എംബസി അറിയിച്ചു.
2020 ലെ ഗാൽവാൻ വാലി സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഈ വർഷത്തിന്റ തുടക്കത്തിൽ തന്നെ ധാരണയിലെത്തിയിരുന്നു. കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. കോവിഡ്, ഗാൽവാൻ പ്രതിസന്ധി എന്നിവയെത്തുടർന്ന് നേരിട്ടുള്ള വിമാന സർവീസുകളും കൈലാസ് മാനസരോവർ യാത്രയും നിർത്തിവച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഈ മാസം ചൈന സന്ദർശിച്ചിരുന്നു അഞ്ച് വർഷത്തിനിടെ അയൽരാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നു അത്.