
ബാങ്കോക്ക്: ഏഷ്യൻ രാജ്യങ്ങളായ തായ്‍ലൻഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു. ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ പരസ്പരം ആക്രമണം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘർഷങ്ങളെ തുടർന്ന് കംബോഡിയയുമായുള്ള അതിർത്തി തായ്ലൻഡ് അടച്ചു.തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാരായ 9 പേർ കൊല്ലപ്പെട്ടതായും 14 പേർക്ക് പരിക്കേറ്റതായും തായ്ലൻഡ് അറിയിച്ചു. തിരിച്ചടി ആയി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിൽ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലൻഡ് ആക്രമണം നടത്തി.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ മുതലാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മില്‍ ഏറെക്കാലമായി തര്‍ക്കത്തിലുള്ള സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.
രാവിവെ 8:20ന് കംബോഡിയ മൂ പായിലെ തായ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതോടെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കംബോഡയിയില്‍ തായ് സൈന്യം ആക്രമണം നടത്തി. അതിർത്തിയോട് ചേർന്ന് കഴിയുന്ന നാല്പതിനായിരം പേരെ തായ്‌ലൻഡ് ഒഴിപ്പിച്ചു. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം വെട്ടിക്കുറച്ചു.
കഴിഞ്ഞ ദിവസം കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് തായ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ കാലുകള്‍ സ്‌ഫോടനത്തില്‍ നഷ്ടമായി. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
കംബോഡിയയുടെ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് കംബോഡിയന്‍ സൈന്യം ആരോപിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക തലത്തിലുള്ള ഏറ്റമുട്ടല്‍.
മലയാളികൾ അടക്കം ഒട്ടേറെ ഇന്ത്യക്കാർ ദിവസവും വിനോദസഞ്ചാരികൾ ആയി എത്തുന്ന രാജ്യങ്ങൾ ആണ് രണ്ടും. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരമ്പരാഗതമായി അമേരിക്ക ആണ് തായ്‌ലൻഡിന്റെ പ്രധാന ആയുധ വിതരണക്കാർ. കംബോഡിയ ആകട്ടെ ആയുധങ്ങൾക്കായി പ്രധാനമായും ചൈനയെ ആശ്രയിക്കുന്നു.