
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാലുദിവസം നീണ്ടുനിക്കുന്ന വിദേശപര്യടനത്തിന് തുടക്കം. യുകെ, മാലിദ്വീപ് എന്നിവിടങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. യു.കെ.യിലെത്തിയ മോദി വ്യാഴാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറുമായി ചർച്ചനടത്തും. ചാൾസ് മൂന്നാമൻ രാജാവിനെയും കാണും. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണ്. പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം നാലാം തവണയാണ് മോദി യുകെ സന്ദർശിക്കുന്നത്. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും മോദിക്കൊപ്പം യുകെയിൽ എത്തിയിട്ടുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ലണ്ടൻ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ പ്രതിഷേധം അടക്കം ഉണ്ടാകുമെന്ന റിപ്പോർട്ടുള്ളതിനാൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്.
യുകെ സന്ദർശനത്തിന് ശേഷം മോദി മാലദ്വീപിലേക്ക് പോകും. ജൂലൈ 26ന് മാലദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മോദി പങ്കെടുക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലെ വിശിഷ്ടാതിഥിയാണ് നരേന്ദ്ര മോദി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി വിപുലമായ ചർച്ചകൾ സന്ദർശനവേളയിൽ മോദി നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കിയ നിരവധി വികസന പദ്ധതികൾ സന്ദർശനത്തിനിടെ മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അനുകൂലന നിലപാടെടുക്കുന്ന മുഹമ്മദ് മുയിസുവിന്റെ ഭരണകൂടവുമായി ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.