
ന്യൂഡൽഹി: മണിപ്പുരിലെ രാഷ്ട്രപതി ഭരണം ആറുമാസത്തേക്കു കൂടി നീട്ടും. ഓഗസ്റ്റ് 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും.
മണിപ്പുരിലെ രാഷ്ട്രപതി ഭരണം സംബന്ധിച്ച അമിത് ഷായുടെ നേട്ടിസ് ജൂലായ് 24ന് രാജ്യസഭ സ്വീകരിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് കഴിഞ്ഞ ദിവസം സഭ ഉച്ചയ്ക്ക് രണ്ടുമണിയോടെ സഭ നിർത്തിവച്ചിരുന്നു. ‘‘മണിപ്പുരിനെ സംബന്ധിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി പുറപ്പെടുവിച്ച പ്രഖ്യാപനം ആറുമാസത്തേയ്ക്ക് കൂടി നീട്ടുന്നതിന് ഈ സഭ അംഗീകാരം നൽകുന്നു’’– എന്നാണ് പ്രമേയത്തിൽ പറയുന്നത്.
ഫെബ്രുവരി 13നാണ് മണിപ്പുരിൽ രാഷ്ട്രപതി ഭരണം തുടങ്ങിയത്. മെയ്തയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നതിനു പിന്നാലെ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചിരുന്നു. പിന്നാലെയാണ് മണിപ്പുരിൽ രാഷ്ട്രപതി ഭരണം നിലവിൽവന്നത്. 2023ലാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്.