
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മേഖലയില്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ഭീകരര്‍ക്കായി പരിശോധന തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. രഹസ്യവിവവരത്തെ തുടര്‍ന്ന് മുല്‍നാര്‍ മേഖലയില്‍ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
കൊല്ലപ്പെട്ടവരിൽ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരും ഉൾപ്പെടുന്നതായാണ് വിവരം. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്.