
ന്യൂഡൽഹി: മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിൽ എത്തി. എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുർഗയിലെത്തിയത്.
കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നിയമ സഹായം ഉറപ്പാക്കാനായി ബിജെപി നേതാവ് അനൂപ് ആന്റണിയും റായ്പൂരിൽ എത്തി. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യും.
എന്നാൽ ബിജെപി നേതാവ് ഛത്തീസ്ഗഡിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യമാണെന്ന് ഛത്തീസ്ഗഡിലെ വൈദികർ പറഞ്ഞു. കേരളത്തിലെ ബിജെപി നേതാവ് കേസുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ നീക്കാൻ ഇടപെടണമെന്ന് കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന റായ്പൂർ അതിരൂപത വൈദികൻ സാബു ജോസഫ് പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യപേക്ഷയ്ക്കായി കോടതിയെ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം.