
അടിമാലി: വഞ്ചനാ കേസിൽ നടൻ ബാബുരാജിന് പോലീസിന്റെ നോട്ടീസ്. അടിമാലി പോലീസാണ് നോട്ടീസയച്ചത്. യുകെ മലയാളികളിൽ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയിൽ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയൽ എസ്‌റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോസീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് മറുപടി നൽകിയത്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നത്.
പീഡനക്കേസിൽ ആരോപണ വിധേയനായ ബാബുരാജ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ താരങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. ബാബുരാജിന്റെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനവുമായി അനൂപ് ചന്ദ്രൻ, മല്ലിക സുകുമാരൻ എന്നിവരടക്കം വിവിധ താരങ്ങൾ രംഗത്തുവന്നിരുന്നു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ബാബുരാജ് മറ്റൊരു വഞ്ചനാകേസിൽ അകപ്പെട്ടിരുന്നു. റവന്യൂ നടപടി നേരിടുന്ന റിസോട്ട് പാട്ടത്തിന് നൽകി 40 ലക്ഷം തട്ടിയെന്നായിരുന്നു കേസ്. ഇതിൽ അറസ്റ്റ് നേരിടുകയും ചെയ്തു.