
കീവ്: യുക്രെയ്നിലെ പരിശീലന കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു മരണം. 18 പേർക്കു പരുക്കേറ്റു. സൈനിക യൂണിറ്റിന്റെ പരിശീലന കേന്ദ്രത്തിനു നേരെയാണ് റഷ്യൻ ആക്രമണമുണ്ടായത്. ആക്രമണം തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്‌തിരുന്നെങ്കിലും നാശനഷ്‌ടം പൂർണമായി തടയാൻ സാധിച്ചില്ലെന്ന് സൈന്യം അറിയിച്ചു. യുക്രെയ്നിലെ ഏതു മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് സൈന്യം വ്യക്തമാക്കിയില്ല. എന്നാൽ വടക്കൻ യുക്രെയ്നിലെ ചെർണീവ് നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്.
ജൂണിൽ മധ്യ യുക്രെയ്നിലെ പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് മേഖലയുടെ ചുമതലയുള്ള സൈനിക കമാൻഡർ രാജി സമർപ്പിച്ചിരുന്നു.