
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലഷ്ക്കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ ഏറ്റുമുട്ടൽ. സംശയകരമായ സാഹചര്യത്തിൽ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെ സൈന്യം 28ന് നടന്ന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ ‘ഓപ്പറേഷൻ മഹാദേവി’ലൂടെ മൂസയ്ക്കു പുറമേ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ 2 ഭീകരരെയും വധിച്ചു. ഇതിൽ ജിബ്രാൻ കഴിഞ്ഞവർഷം ഒക്ടോബറിൽ സോന മാർഗ് തുരങ്കനിർമാണ സ്ഥലത്ത് ഒരു ഡോക്ടർ അടക്കം 7 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.
സുലൈമാൻ എന്നും മൂസ ഫൗജി എന്നും അറിയപ്പെടുന്ന ഹാഷിം മൂസ പാക്കിസ്ഥാൻ സൈന്യത്തിലെ കമാൻഡോ ആയിരുന്നു. പിന്നീട് ഇയാൾ ലഷ്കറെ തയിബയിൽ ചേർന്നു. 2023ൽ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഹാഷിം കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ നടത്തി.