
റായ്പൂർ: ഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുർഗ് സെഷൻസ് കോടതി. പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകൾ ജയിലിൽ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദുർഗിൽ ആഹ്ലാദപ്രകടനവുമായി ബജ്‌റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി.
ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലിൽ എത്തി കണ്ടു. രണ്ട് പേർക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇരുവരെയും നിലത്താണ് കിടത്തിയതെന്നും ബൃന്ദാ കാരാട്ട് സന്ദർശന ശേഷം പ്രതികരിച്ചു. അവർ തീർത്തും നിരപരാധികളാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കേസ് രാഷ്ട്രീയ പ്രേരിതമെന്നും തികച്ചും ആസൂത്രിതമെന്നും സന്ദർശന ശേഷം ജോസ് കെ മാണി പ്രതികരിച്ചു. കന്യാസ്ത്രീകൾ വലിയ ഉപദ്രവം നേരിട്ടു. പുറത്ത് പറയാൻ സാധിക്കാത്ത അതിക്രമങ്ങൾ നടത്തി. എല്ലാം ഭരണകൂടത്തിന്റെ പദ്ധതിയാണെന്നും ജോസ് കെ മാണി പറഞ്ഞു.
കന്യാസ്ത്രീകളുടെ ആരോഗ്യനില മോശമാകുന്നു എന്ന് ആനി രാജ പറഞ്ഞു. മരുന്നുകൾ പോലും ലഭ്യമല്ല. അവർ പ്രായമായവർ ആണ്.ജയിൽ അധികൃതർ അവരെ ആശുപത്രിയിലേക്ക് മാറ്റണം എന്ന് ആനി രാജ വ്യക്തമാക്കി.