
ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി അടുത്തമാസംമുതൽ രാജ്യവ്യാപകമാക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 5ജി നെറ്റ് വർക്ക് അടുത്തവർഷം വരുമെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
ഡൽഹി, മുംബൈ നഗരങ്ങളിൽ നിലവിലുള്ള എംടിഎൻഎലിനെ ബിഎസ്എൻഎൽ ഏറ്റെടുത്ത് ഇവിടങ്ങളിലും 4ജി ലഭ്യമാക്കും. പൊതുമേഖലാസ്ഥാപനമായ സെന്റർ ഫോർ ഡിവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സാണ് 4ജി സംവിധാനം വികസിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
താൻ വർഷങ്ങളായി ഉപയോഗിക്കുന്നത് ബിഎസ്എൻഎലാണെന്ന് ചോദ്യമുന്നയിക്കുന്നതിനിടെ പ്രേമചന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന് സന്തോഷകരമാകുന്ന വിധത്തിലാണ് 4ജി വികസിപ്പിച്ചിരിക്കുന്നതെന്ന് മറുപടിയായി മന്ത്രി സിന്ധ്യയും പറഞ്ഞു.