
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു. ഒഡീഷയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യായിരത്തിലേറെ പേരെ മാറ്റിപ്പറപ്പിച്ചു. മുപ്പതിനായിരത്തിലധികം ആളുകളെ വെള്ളം പൊക്കം ബാധിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 170 ആയി. സംസ്ഥാനത്ത് നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മധ്യപ്രദേശിലെ വിദിശയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കുടുങ്ങിക്കിടന്ന നൂറിലധികം ആളുകളെ എസ് ഡി ആർ എഫ് രക്ഷപ്പെടുത്തി.ജമ്മു കശ്മീരിൽ ചനാബ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധിപേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കനത്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ദില്ലി സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്.