
ഇസ്‌ലാമാബാദ്: പ്രതിപക്ഷ നേതാവടക്കം പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ അനുയായികളായ 196 പേര്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ 2023-ലെ കലാപവുമായി ബന്ധപ്പെട്ടാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് കോടതിയില്‍ പരിഗണിച്ച മൂന്ന് വ്യത്യസ്ത കേസുകളിലായി പ്രതിപക്ഷ നേതാവ് ഒമര്‍ അയൂബ് ഉള്‍പ്പെടെ 196 പേര്‍ക്കെതിരെയാണ് കോടതി വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചത്. 2023 മെയ് ഒമ്പതിന് ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി നടന്ന അക്രമത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പാകിസ്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇമ്രാനെ മോചിപ്പിച്ചതോടെയാണ് അക്രമം ശമിച്ചത്. പിന്നീട്, 2023 ഓഗസ്റ്റില്‍ ഒരു വിചാരണക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചു, അതിനുശേഷം ഇമ്രാന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ചില അനുയായികളെ പിന്നീട് സൈനിക കോടതികള്‍ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.
2023-ലെ കലാപത്തിനിടെ സൈനിക ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇവര്‍ പങ്കെടുത്തു എന്നാണ് വാദിഭാഗം ആരോപിക്കുന്നതെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചങ്ഗയ്‌സ് കക്കര്‍ പറഞ്ഞു. ഇത്രയധികം രാഷ്ട്രീയ പ്രവര്‍ത്തകരെ ഒന്നിച്ച് ശിക്ഷിക്കുന്നത് ഇതാദ്യമാണെന്നും, ഈ ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനരഹിതമായ കേസുകളിലാണ് അയൂബിനെയും മറ്റുള്ളവരെയും ശിക്ഷിച്ചിരിക്കുന്നതെന്ന പിടിഐ ചെയര്‍മാനായ ഗോഹര്‍ അലി ഖാന്‍ ആരോപിച്ചു. ഒന്നിലധികം കേസുകളില്‍ ഇമ്രാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന റാലികള്‍ക്ക് തൊട്ടുമുമ്പാണ് ഈ വിധികള്‍ വന്നതെന്നും അത് സംശയങ്ങള്‍ക്ക് വഴിവെക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ നടന്ന അവിശ്വാസ പ്രമേയത്തിലൂടെ 2022-ലാണ് ഇമ്രാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. തന്റെ അറസ്റ്റിന് പിന്നില്‍ അമേരിക്കയുടെ ഗൂഢാലോചനയുണ്ടെന്നും, സൈന്യവും തന്റെ രാഷ്ട്രീയ എതിരാളിയായ ഷെരീഫും ചേര്‍ന്നാണ് തന്നെ പുറത്താക്കിയതെന്നും ഇമ്രാന്‍ ആരോപിച്ചിരുന്നു. എന്നാല്‍, യുഎസ് സര്‍ക്കാരും ഷഹബാസ് ഷെരീഫും ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.