
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ അകാലവിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്ന് മോഹൻലാൽ ഓർമിച്ചു. കലാഭവൻ നവാസിന് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടിയും ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’, മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. നവാസിന്റെ ചിത്രത്തിനൊപ്പമായിരുന്നു അനുശോചനക്കുറിപ്പ്.
നവാസിനെ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി നവാസ് ചോറ്റാിക്കരയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനിൽനിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം 12.30-ഓടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. ഒന്നുമുതൽ മൂന്നുവരെ വീട്ടിലും തുടർന്ന് അഞ്ചുവരെ ആലുവ ടൗൺ മസ്ജിദിലും പൊതുദർശനമുണ്ടാവും. 5.15-ന് ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.