
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്.
എട്ട് തവണ ലോക്സഭാംഗമായ ഷിബു സോറൻ മൂന്ന് തവണ വീതം കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയായും ജാർഖണ്ഡ് മുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനും മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു. 1944 ജനുവരി ഒന്നിന് സന്താൾ ആദിവാസി കുടുംബത്തിൽ ജനിച്ച ഷിബു സോറൻ 1962-ൽ പതിനെട്ടാമത്തെ വയസിൽ സന്താൾ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങൾ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്.
1972-ൽ ബീഹാറിൽനിന്നു വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തി ജാർഖണ്ഡ് മുക്തി മോർച്ച എന്ന പുതിയൊരു പാർട്ടി രൂപികരിച്ചു. 1977-ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറൻ ആ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ധുംക മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീട് എട്ട് തവണ ലോക്‌സഭാംഗമായും മൂന്ന് തവണ വീതം ജാർഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രിയുമായി. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തിൽ കൂടുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നില്ല. കൊലപാതക കേസുകളിൽ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തുടർന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2020 മുതൽ ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.