
ന്യൂഡൽഹി: മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മലയാളികളും കുടുങ്ങിയതായി സൂചന. ഇന്നലെ ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ- ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. 28 പേരുള്ള സംഘമാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ള മലയാളികളും 20 പേർ മുംബൈയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളികളും ആണെന്നാണ് വിവരങ്ങൾ.
ഇന്നലെ 8.30 ഓടെയാണ് ദമ്പതികളെ അവസാനം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പുറപ്പെടുമെന്നാണ് അവർ പറഞ്ഞിരുന്നത്. പിന്നീട് ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇവർ സുരക്ഷിതരാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചതായി ഇവരുടെ ബന്ധുക്കൾ പറയുന്നു.