
ഉത്തരകാശി: മേഘവിസ്ഫോടനവും മിന്നൽപ്രളയവും ഉണ്ടായ ധരാലി ഗ്രാമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. വ്യോമ മാർഗമാണ് മുഖ്യമന്ത്രി ധരാലിയിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തുന്നതിനായി കൂടുതൽ സേന ധരാലിയിലേക്ക് എത്തും. ആശയ വിനിമയ സംവിധാനങ്ങളിൽ തടസ്സം നേരിടുന്നുണ്ട്. ഇതുവരെ 130ലധികം ആളുകളെ രക്ഷപ്പെടുത്തി. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ രക്ഷാപ്രവർത്തനത്തെ കുറിച്ച് പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കും. 60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം. ഒമ്പത് സൈനികരെയും കാണാനില്ലെന്നാണ് വിവരങ്ങൾ. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.