
ചെന്നൈ: ചെന്നൈയിൽ 135 പുതിയ വൈദ്യുത ബസുകൾ കൂടി നിരത്തിലിറക്കും. ഈ മാസം 11-ന് പെരുമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് ഇവ സർവീസ് ആരംഭിക്കും. 55 എണ്ണം ശീതീകരിച്ച ബസുകളാണ്. 55 എണ്ണത്തിലേറെയും ഐടി സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഒഎംആർ റോഡിലൂടെ സർവീസ് നടത്തുക.
സിറുസേരിയിൽനിന്ന് ചെന്നൈ വിമാനത്താവളം, കോയമ്പേട്-കിളാമ്പാക്കം, ബ്രോഡ്‌വേ-കിളാമ്പാക്കം, ടി.നഗർ- തിരുപ്പോരൂർ, തിരുവാൺമിയൂർ-കിളാമ്പാക്കം, കിളമ്പാക്കം- ഷോളിങ്കനല്ലൂർ എന്നീ റൂട്ടുകളിലാണ് ശീതീകരിച്ച ബസുകളോടുക. ഒഎംആർ റൂട്ടിലെ യാത്ര തിരക്കിന് എസി ബസുകൾ ഓടിക്കുന്നതിലൂടെ താത്കാലിക പരിഹാരമാകും.
വൈദ്യുത എസി ബസുകളിൽ നിലവിൽ നഗരത്തിൽ സർവീസ് നടത്തുന്ന എസി ബസുകളിലെ നിരക്ക് തന്നെയാണ് ഈടാക്കുക. ശീതീകരിക്കാത്ത വൈദ്യുത ബസുകളിൽ നഗരത്തിൽ ഇപ്പോൾ സർവീസ് നടത്തുന്ന ഡീലക്സ് ബസുകളിലെ നിരക്കിന് തുല്യമായ തുക ഈടാക്കും. ജിപിഎസ് സംവിധാനമുള്ള ബസുകളിൽ സ്റ്റോപ്പുകളെക്കുറിച്ചുള്ള അറിയിപ്പുകളുമുണ്ടാകും.
170 എസി വൈദ്യുത ബസുകൾ കൂടി റോഡിലിറക്കാൻ പദ്ധതിയുണ്ടെന്ന് മെട്രോപോളീറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷ(എംടിസി)ന്റെ മാനേജിങ് ഡയറക്ടർ ടി.പ്രഭുശങ്കർ അറിയിച്ചു. ഓരോ ബസുകളിലും 39 സീറ്റുകൾ, നാല് സിസിടിവികൾ, വീൽച്ചെയർ റാമ്പുകൾ എന്നിവയുണ്ടാകും.
മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സീറ്റുകളുണ്ടാകും. 49.56 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പെരുമ്പാക്കം ബസ് സ്റ്റാൻഡിൽ 32 വൈദ്യുതബസുകൾക്ക് ഒരേ സമയം ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.