
ജറുസലം: ഗാസയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് മന്ത്രിമാരുമായി ചർച്ച നടത്തും. ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്കാണ് നെതന്യാഹു ചർച്ചയ്ക്ക് ഒരുങ്ങുന്നത്. ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ സേനാമേധാവി ഇയാൽ സമീർ വിയോജിപ്പ് അറിയിച്ചിരുന്നു. ഗാസ പിടിച്ചെടുക്കാനുള്ള നീക്കം സൈനികരെ കെണിയിലാക്കുമെന്നും ശേഷിക്കുന്ന ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയാണു സേനാ മേധാവി എതിർത്തത്. ചർച്ചകളുടെയും നയതന്ത്രത്തിന്റെയും ഫലമായാണു നേരത്തേ ബന്ദികളെ മോചിപ്പിച്ചതെന്നും 22 മാസം പിന്നിട്ട യുദ്ധത്തിൽ ബന്ദികളെ മോചിപ്പിക്കാൻ സൈന്യത്തിനു കഴിഞ്ഞിട്ടില്ലെന്നും സേനാമേധാവി വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഗാസയുടെ 75% ഭൂപ്രദേശം ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സൈനികമേധാവിക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും പക്ഷേ, രാഷ്ട്രീയനേതൃത്വത്തിന്റെ തീരുമാനമാണു സൈന്യം നടപ്പിലാക്കേണ്ടതെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഗാസ പിടിച്ചെടുക്കാനുള്ള നീക്കത്തിൽ ഐക്യരാഷ്ട്രസംഘടനയും യൂറോപ്യൻ യൂണിയനും എതിർപ്പു പ്രകടിപ്പിച്ചു. അതേസമയം, ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിയോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചില്ല.