ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ മാറ്റംവരുത്തിയിട്ടില്ല. കളിക്കാരുടെ കാര്യത്തിൽ യോഗത്തിനുശേഷമാകും തീരുമാനമുണ്ടാകുക. മറ്റൊരു ക്ലബ്ബായ ചെന്നൈയിൻ എഫ്സി ഫുട്ബോൾ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. കളിക്കാർക്ക് ജൂലായിലെ ശമ്പളം നൽകാനാവില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിൽ 30 മുതൽ 50 ശതമാനംവരെയാണ് ശമ്പളത്തിൽ കുറവുവരുത്തിയിരിക്കുന്നത്. താരങ്ങളുമായുള്ള കരാർ താത്‌കാലികമായി റദ്ദാക്കില്ലെന്ന് ക്ലബ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഐഎസ്എൽ നടത്തിപ്പ് അനിശ്ചിതത്വത്തിലായതോടെ സ്‌പോൺസർമാരെ കണ്ടെത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലായിട്ടുണ്ട്. ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ സ്‌പോൺസർമാരെ ലഭിക്കുന്ന ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞസീസണിൽ ടീമിന് 16 കമ്പനികളുമായി സ്‌പോൺസർഷിപ്പ് അടക്കമുള്ള കരാറുകളുണ്ടായിരുന്നു.

ഐഎസ്എൽ പ്രതിസന്ധിയെ തുടർന്ന് നടപടിയെടുക്കുന്ന നാലാമത്തെ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു എഫ്‌സി കളിക്കാരുടെ ശമ്പളം നിർത്തിവെച്ചിരുന്നു. ഒഡിഷ എഫ്‌സി കളിക്കാരുടെ കരാറുകൾ താത്‌കാലികമായി റദ്ദാക്കി. ചെന്നൈയിൻ എഫ്‌സി ഫുട്‌ബോൾ പ്രവർത്തനം നിർത്തിവെക്കുന്നതായി ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ജൂണിലെ ശമ്പളം കളിക്കാർക്ക് നൽകിയിരുന്നു. എന്നാൽ, ഫണ്ടിന്റെ അപര്യാപ്തതമൂലം ജൂലായിലെ ശമ്പളം നൽകാനാവില്ലെന്ന് കളിക്കാരെ അറിയിച്ചിട്ടുണ്ട്. യൂത്ത് ടീം പ്രവർത്തനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. യോഗത്തിൽ അനുകൂലതീരുമാനമില്ലെങ്കിൽ കൂടുതൽ ക്ലബ്ബുകൾ കടുത്ത തീരുമാനത്തിലേക്ക് പോകാനാണ് സാധ്യത.

യോഗത്തിന് കൂടുതൽ ക്ലബ്ബുകൾ

എട്ട് ക്ലബ്ബുകളാണ് പ്രതിസന്ധി ചർച്ചചെയ്യാൻ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് കത്തുനൽകിയത്. കേരള ബ്ലാസ്റ്റേ്‌ഴ്‌സ് കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. കത്തിൽ ഒപ്പുവെക്കാത്ത മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ തുടങ്ങിയ ക്ലബ്ബുകളോട് പ്രതിനിധികളെ അയക്കാൻ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ക്ലബ്ബുകളുടെ പ്രതിനിധികളും പങ്കെടുക്കാനിടയുണ്ട്.

കഴിഞ്ഞ പത്തു സീസണുകളിലായി ലീഗ് നടത്തിക്കൊണ്ടുവന്ന ഫുട്‌ബോൾ സ്‌പോർട്‌സ് ഡിവലപ്മെന്റും (എഫ്എസ്ഡിഎൽ) ഫെഡറേഷനും തമ്മിലുള്ള കരാർ ഡിസംബറിൽ അവസാനിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. ഫെഡറേഷൻ ഭരണഘടന സംബന്ധമായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കരാർ പുതുക്കാനും കഴിയില്ല.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

വനിതാ ചെസ് ലോകകപ്പ്; ചരിത്രംകുറിച്ച് ​ദിവ്യ ദേശ്മുഖ്, ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ബാത്തുമി: ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. (1.5-0.5). ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ആദ്യമായാണ് ഇന്ത്യൻതാരം…

Leave a Reply

Your email address will not be published. Required fields are marked *