
ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആശുപത്രിക്ക് മുന്നിലായി തയ്യാറാക്കിയിട്ടുള്ള താൽകാലിക ഷെഡുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതെന്ന് അൽജസീറ അറിയിച്ചു. ഇവരെ കൂടാതെ രണ്ട് ഗാസ നിവാസികളും കൊല്ലപ്പെട്ടു.
അതേസമയം അൽ ഷെരീഫിനെ കൊലപ്പെടുത്തിയകാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. ഹമാസ് ഭീകരവാദിയാണ് അൽ ഷെരീഫ് എന്ന ആരോപണം ഉന്നയിച്ചാണ് ഇസ്രായേൽ സൈന്യം രംഗത്ത് വന്നത്. ഷെരീഫ് ഹമാസിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്നും ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഭാഗമായെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ ലോകത്തിനുമുന്നിലെത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനാണ് അൽ ഷെരീഫ്. കൊല്ലപ്പെടുന്നതിന് മിനുട്ടുകൾക്ക് മുൻപ് അദ്ദേഹം ഗാസ സിറ്റിയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
28 കാരനായ അൽ ഷെരീഫിനെ ഹമാസിന്റെ ഭാഗമെന്ന് ആരോപിച്ച് ജൂലൈയിൽ ഇസ്രായേൽ സൈനിക വക്താവ് വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ദിവസങ്ങൾക്കകം അദ്ദേഹത്തെ ആക്രമണത്തിലൂടെ കൊലപ്പെടുത്തുന്നത്. ഇതിനു മുൻപും അദ്ദേഹത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടന്നതായി ദി കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് (സിപിജെ) അറിയിച്ചു.
അതേസമയം ജോലി പൂർത്തിയാക്കുകയും ഹമാസിന്റെ പരാജയം ഉറപ്പാക്കുകയും അല്ലാതെ ഇസ്രായേലിന് മറ്റ് മാർഗമില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. ജറുസലേമിൽ വിദേശ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഗാസ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും ഗാസയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലിലും പുറത്തും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ‘നുണകളുടെ ആഗോള പ്രചാരണം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയിലെ അടുത്ത ഘട്ടങ്ങൾക്കായി ‘വളരെ ചെറിയ സമയക്രമം’ മനസ്സിൽ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.