
മുംബൈ: വീണ്ടും ചരിത്രം കുറിക്കാൻ ഇന്ത്യൻ നാവികസേന. രണ്ട് ഫ്രണ്ട്‌ലൈൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളായ ഐഎൻഎസ് ഉദയഗിരി (എഫ്35), ഐഎൻഎസ് ഹിമഗിരി (എഫ്34) എന്നിവ നിർമിച്ചു. ഓഗസ്റ്റ് 26ന് വിശാഖപട്ടണത്ത് യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്യും. വ്യത്യസ്ത ഇന്ത്യൻ കപ്പൽശാലകളിൽ നിർമിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മിഷൻ ചെയ്യുന്നത് ഇതാദ്യമായിരിക്കും.
പ്രോജക്ട് 17 എ ക്ലാസിലെ രണ്ടാമത്തെ കപ്പലായ ഉദയഗിരി മുംബൈയിലെ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (എംഡിഎൽ) നിർമിച്ചതാണ്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് (ജിആർഎസ്ഇ) നിർമിച്ച അതേ ക്ലാസിലെ ആദ്യ കപ്പലായ ഹിമഗിരിയും ഇതിനോടൊപ്പം ചേരും. ശിവാലിക് ക്ലാസ് ഫ്രിഗേറ്റുകളുടെ പരിഷ്കരിച്ച പതിപ്പാണ് പ്രോജക്റ്റ് 17എ ഫ്രിഗേറ്റുകൾ.

ഡീസൽ എൻജിനുകളും ഗ്യാസ് ടർബൈനുകളും ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന പിച്ച് പ്രൊപ്പല്ലറുകൾ പ്രവർത്തിപ്പിക്കുന്ന ഒരു കമ്പൈൻഡ് ഡീസൽ, ഗ്യാസ് പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. ഒരു ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐപിഎംഎസ്) വഴിയാണ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നത്. നാവികസേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ രൂപകൽപന ചെയ്ത നൂറാമത്തെ കപ്പലാണ് ഉദയഗിരി. കപ്പലുകളുടെ യന്ത്രസാമഗ്രികൾ, അഗ്നി സുരക്ഷ, കേടുപാടുകൾ നിയന്ത്രിക്കൽ, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവ പരീക്ഷിച്ച വിപുലമായ പരീക്ഷണങ്ങൾക്ക് ശേഷമാണ് രണ്ട് യുദ്ധക്കപ്പലുകളും കമ്മിഷൻ ചെയ്യുന്നത്.