
കൊച്ചി: നടന്‍ നിവിന്‍പോളി, സംവിധായകൻ എബ്രിഡ് ഷൈന്‍ എന്നിവർക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. നിവിൻ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയില്‍ ചിത്രത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈനിനെതിരേയും നായകന്‍ നിവിന്‍ പോളിക്കെതിരേയും കേസെടുത്തിരുന്നു.
ആക്ഷന്‍ ഹീറോ ബിജു രണ്ടാംഭാഗം നിര്‍മിക്കുന്നതിന് കരാറിലേര്‍പ്പെട്ടശേഷം ചിത്രത്തിന്റെ പകര്‍പ്പവകാശം, നിര്‍മാതാവ് അറിയാതെ മറിച്ചുവിറ്റെന്നായിരുന്നു പരാതി. നിര്‍മാതാവും ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് ഉടമയുമായ ഷംനാസ് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം തലയോലപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
നിവിന്‍പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന സിനിമ നിര്‍മിച്ചത് ഷംനാസും നിവിന്‍ പോളിയും ചേര്‍ന്നായിരുന്നു. ആ ചിത്രം സാമ്പത്തികമായി വിജയിക്കാഞ്ഞതിനെത്തുടര്‍ന്നാണ് അടുത്ത ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി ഷംനാസിനെ പ്രതികള്‍ ഉള്‍പ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
ഫിലിം ചേമ്പറില്‍ തന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തിരുന്ന സിനിമയുടെ പകര്‍പ്പവകാശം, താന്‍ അറിയാതെ വിദേശ കമ്പനിക്ക് വിറ്റത് വിശ്വാസവഞ്ചനയും ചതിയുമാണെന്നുകാട്ടി ഷംനാസ് കോടതിയെ സമീപിക്കുകയായിരുന്നു.