
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണി നേരിടാൻ തയ്യാറെടുത്ത് ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതി 20ൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി പ്രദേശങ്ങളിലെ വിപണികൾ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ പ്രദേശങ്ങളിലെ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
കയറ്റുമതി വൈവിധ്യവൽക്കരണം, ഇറക്കുമതിക്ക് പകരം വയ്ക്കൽ, കയറ്റുമതി മത്സരശേഷി വർധിപ്പിക്കൽ തുടങ്ങി മൂന്ന് പ്രധാന മേഖലകൾ സജീവമാക്കാൻ വാണിജ്യ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ വിപണിക്കും വേണ്ട മുൻഗണനാ ഉൽപന്നങ്ങൾ തിരിച്ചറിയുക, വ്യാപാര പ്രോത്സാഹന ശ്രമങ്ങൾ ശക്തിപ്പെടുത്തുക, ലോജിസ്റ്റിക്കൽ, നിയന്ത്രണ തടസ്സങ്ങൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
യുഎസ് ഉൾപ്പെടെയുള്ള ചില പ്രധാന കയറ്റുമതി രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പെട്ടെന്നുള്ള വ്യാപാര തടസ്സങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കയറ്റുമതിക്കാരുടെ ദീർഘകാല ആവശ്യം നിറവേറ്റിക്കൊണ്ട് 2,250 കോടി രൂപയുടെ കയറ്റുമതി പ്രമോഷൻ മിഷൻ ഉടൻ ആരംഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.