
ചെന്നൈ: രാജ്യത്തെ വോട്ടർ പട്ടികയുടെ സമഗ്രത ചോദ്യം ചെയ്ത് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസനും രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനമാണ് കമൽ ഹാസൻ നടത്തിയത്. സ്വതന്ത്ര പരിശോധന സാധ്യമാക്കുന്ന, മെഷീൻ റീഡബിൾ ഫോർമാറ്റുകളിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് രേഖാമൂലമുള്ള സത്യവാങ്മൂലം ആവശ്യപ്പെടാൻ കാരണമെന്താണെന്നും മക്കൾ നീതി മയ്യം (എംഎൻഎം) സ്ഥാപകൻ കമൽ ഹാസൻ ചോദിച്ചു.
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വ്യാജ വോട്ടർമാരെക്കുറിച്ചുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് രാജ്യസഭാ എംപിയുടെ പ്രസ്താവന. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ, വ്യാജവും അസാധുവായതുമായ വിലാസങ്ങൾ, ഒറ്റ വിലാസങ്ങളിൽ ഒട്ടേറെ വോട്ടർമാർ, വ്യക്തമല്ലാത്ത ഫോട്ടോകൾ, ഫോം 6ന്റെ ദുരുപയോഗം എന്നിവയിലൂടെ ബിജെപി നേട്ടമുണ്ടാക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. വീട്ടു നമ്പർ പല വോട്ടർമാർക്കുമില്ലെന്ന് കണ്ടെത്തി. വീട്ടു നമ്പർ പൂജ്യമെന്നാണ് ചില വോട്ടർ പട്ടികയിലുള്ളത്. 80 പേരുള്ള കുടുംബം ഒരു മുറിയിൽ കഴിയുന്നതായി വോട്ടർ പട്ടികയിലെ വിലാസത്തിലുണ്ട്. മറ്റൊരു മുറിയിൽ 46 പേർ കഴിയുന്നതായാണ് രേഖകൾ. പരിശോധിച്ചപ്പോൾ ഇവിടെയെങ്ങും ആളുകളെ കണ്ടെത്താനായില്ല. ആർക്കും ഇവരെ അറിയില്ല. 40,009 തെറ്റായ മേൽവിലാസങ്ങളാണ് കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തിയത്.