
ന്യൂഡല്‍ഹി: ലോകത്തിലെ സമ്പന്നരായ 20 പേരുടെ പട്ടികയില്‍ ഇടംപിടിച്ച് ഗൗതം അദാനി. ആകെ ആസ്തിയില്‍ 5.74 ബില്യണ്‍ ഡോളര്‍ (5.03 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായതോടെയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ അദാനി വീണ്ടും പട്ടികയില്‍ ഇടംപിടിച്ചത്. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സിന്റെ കണക്ക് പ്രകാരം 79.7 ബില്യണ്‍ ഡോളറാണ് (6.98 ലക്ഷം രൂപയോളം) അദാനിയുടെ മൊത്തം ആസ്തി. ബ്ലൂംബെർഗ് പട്ടികയിൽ 20-ാം സ്ഥാനം നേടിക്കൊണ്ടാണ് ആദ്യ 20 സമ്പന്നരുടെ പട്ടികയിലേക്ക് അദാനി തിരികെ എത്തിയത്.
ആഗോള വിപണിയില്‍ ഏറ്റവുമധികം നേട്ടംകൊയ്ത വ്യവസായികളിലൊരാളാണ് അദാനി. ടെസ്‌ലക്കും ഇലോണ്‍ മസ്‌കിനും തൊട്ടുപിന്നാലെ സ്ഥാനം പിടിക്കാന്‍ അദാനിക്ക് കഴിഞ്ഞു. 6.69 ബില്യണ്‍ ഡോളറാണ് മസ്‌കിന് ഇത്തവണ നേടാനായത്. ഇതോടെ മസ്‌കിന്റെ മുഴുവന്‍ ആസ്തി 378 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പട്ടികയില്‍ മസ്‌കിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ സമ്പന്ന വ്യവസായി മുകേഷ് അംബാനി 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്.