
ജറുസലം: ഗാസയിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലുമായി 89 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കുനേരെ നടത്തിയ വെടിവയ്പുകളിൽ 31 പേരാണു കൊല്ലപ്പെട്ടത്. 513 പേർക്കു പരുക്കേറ്റു. 2 കുട്ടികളടക്കം 5 പേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ പട്ടിണിമരണം 227 ആയി. ഗാസ സിറ്റിയിലെ കിഴക്കൻ മേഖലയിൽ ഇന്നലെ കനത്ത ബോംബിങ്ങാണു നടന്നത്.
സങ്കൽപിക്കാനാവാത്തത്ര ദുരിതത്തിലാണ് ഗാസയിലെ ജനങ്ങളെന്നും പട്ടിണിമരണം തടയാനായി അടിയന്തര സഹായവിതരണം അനുവദിക്കണമെന്നും ഇസ്രയേലിനോട് ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ അടക്കം 27 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതിനിടെ, യുഎസ് മുന്നോട്ടുവച്ച 60 ദിവസ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കയ്റോയിലെത്തി. കഴിഞ്ഞമാസം ദോഹയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.