
കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകൾ നയിക്കും. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ എത്തുന്നത്.
വാശിയേറിയ പോരാട്ടത്തിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിർന്ന താരം ദേവനെ തോൽപ്പിച്ച് ശ്വേതാ മേനോൻ പ്രസിഡണ്ടായത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രവീന്ദ്രനെ 57 വോട്ടുകൾക്കാണ് കുക്കു പരമേശ്വരൻ പരാജയപ്പെടുത്തിയത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചു. ജയൻ ചേർത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് അമ്മയുടെ തലപ്പത്ത് വനിതകളെത്തുന്നത്.
ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറർ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേർ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ അൻസിബ ഒഴികെ മറ്റ് 12 പേരും പത്രിക പിൻവലിക്കുകയായിരുന്നു.
പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്. ഇതിൽ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളും. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂർ, വിനു മോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹൻ, ആശ അരവിന്ദ്, അഞ്ജലി നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.