
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം 50 ആയി ഉയർന്നു. നൂറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇരുനൂറിലധികം പേരെ കാണാതായതായാണ് വിവരം.
ജമ്മുകശ്മീർ പോലീസ്, എസ്ഡിആർഎഫ്, സിഐഎസ്എഫ്, സിആർപിഎഫ്, സൈന്യം എന്നിവർ രക്ഷാപ്രവർത്തനത്തിനായി പ്രദേശത്ത് തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയിൽ മേഘവിസ്‌ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഒരു പ്രദേശമാകെ ഒലിച്ചുപോയി. കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയൻ ദേവാലയത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പ്രദേശമാണ് ചസോതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സന്ദർശകരായി എത്തുന്ന പ്രദേശമാണിത്. മേഘവിസ്‌ഫോടനം നടന്ന സ്ഥലത്ത് ഏകദേശം 1,200 പേർ ഉണ്ടായിരുന്നുവെന്ന് ജമ്മുകശ്മീർ ബിജെപി നേതാവ് സുനിൽ ശർമ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്‌ഫോടനം ഗണ്യമായ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാമെന്ന് വ്യക്തമാക്കിയ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ‘രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. മെഡിക്കൽ വിദഗ്ധർ അടക്കം സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ ഉടനടി വിലയിരുത്തും. സാധ്യമായ എല്ലാ സഹായങ്ങളും നൽകും.’ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എക്സിൽ കുറിച്ചു.
ജമ്മു കശ്മീർ മിന്നൽ പ്രളയത്തിൽ ദുരന്തബാധിതർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.