
ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച സെമികണ്ടക്ടര്‍ ചിപ്പുകൾ വർഷാവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയിൽ രാജ്യം അതിവേഗം പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, സെമികണ്ടക്ടറുകളിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. ഏതെങ്കിലും സർക്കാരിനെ വിമർശിക്കാനല്ല ചെങ്കോട്ടയിൽ നിൽക്കുന്നത്. അത് ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. എന്നാൽ രാജ്യത്തെ യുവാക്കൾ ഇക്കാര്യം അറിയേണ്ടതാണ്’, പ്രധാനമന്ത്രി മോദി പറഞ്ഞു.
‘നമ്മുടെ രാജ്യത്ത് 50–60 വർഷം മുൻപാണ് സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ ആരംഭിച്ചത്. സെമികണ്ടക്ടർ ഫാക്ടറിയുടെ ആശയം 50–60 വർഷം മുൻപേ മുന്നോട്ട് വന്നു. എന്നാൽ ഈ ആശയം അതിന്റെ ആദ്യകാലത്ത് തന്നെ ഇല്ലാതാക്കിയെന്ന് കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. നമുക്ക് 50–60 വർഷങ്ങൾ നഷ്ടമായി’, അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ആക്‌സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനുള്ള പാതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.