
ന്യൂഡല്‍ഹി: രാജ്യത്തെ യുദ്ധവിമാനങ്ങള്‍ക്കായി ഇന്ത്യന്‍ നിര്‍മിത ജെറ്റ് എന്‍ജിനുകള്‍ സാധ്യമാക്കാന്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനപ്രസംഗം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ഇന്ന് സകലമേഖലകളിലും ആധുനിക സംവിധാനങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മിച്ച ജെറ്റ് എന്‍ജിനുകള്‍ സാധ്യമാക്കാന്‍ പരിശ്രമിക്കണമെന്ന് യുവാക്കളോടും സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളോടും അഭ്യര്‍ഥിക്കുകയാണെന്ന് മോദി പറഞ്ഞു.
ലോകത്തിന്റെ ഔഷധശാല എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. എന്നിരുന്നാലും ഗവേഷണത്തിനും വികസനത്തിനുമായി കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമല്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചു. മാനവരാശിയുടെ ക്ഷേമത്തിനായി ഏറ്റവും മികച്ചതും താങ്ങാനാവുന്നതുമായ മരുന്നുകള്‍ നല്‍കേണ്ടത് നമ്മളല്ലേയെന്നും അദ്ദേഹം ആരാഞ്ഞു.