
ന്യൂഡല്‍ഹി: ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ തോതിൽ വൻ വർധന. ഓഗസ്റ്റ് ആദ്യ പകുതിയില്‍ ഇറക്കുമതി ചെയ്ത പ്രതിദിനം ഏകദേശം 52 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയില്‍ 38 ശതമാനത്തോളം റഷ്യയില്‍ നിന്നായിരുന്നുവെന്ന് ഗ്ലോബല്‍ റിയല്‍ ടൈം ഡാറ്റ അനലിറ്റിക്‌സ് പ്രൊവൈഡറായ കെപ്ലര്‍ പറയുന്നു. ജൂലായില്‍ പ്രതിദിനം 16 ലക്ഷം ബാരലായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയിരുന്നതെങ്കില്‍ ഓഗസ്റ്റില്‍ 20 ലക്ഷം ബാരലായി ഉയര്‍ന്നു.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ ഈ വര്‍ദ്ധനവ് ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്നത് കുറയാനും ഇടയാക്കി. ഇറാഖില്‍ നിന്നുള്ള ഇറക്കുമതി ജൂലായിലെ 9,07,000 ബാരലില്‍ നിന്ന് ഓഗസ്റ്റില്‍ 7,30,000 ബാരലായും സൗദി അറേബ്യയില്‍ നിന്നുള്ളത് കഴിഞ്ഞ മാസത്തെ 7,00,000 ബാരലില്‍ നിന്ന് 5,26,000 ബാരലായും കുറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് ഇറക്കുമതിയിലെ ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനവും ഇന്ത്യയുടെ നയത്തിന്റെയും ഭാഗമായല്ല ഈ വർധനവെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു.
നയപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ, ജൂണിലും ജൂലായ് ആദ്യത്തിലും ഓഗസ്റ്റിലെ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. താരിഫുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പ്രതിഫലനം സെപ്റ്റംബര്‍ അവസാനം മുതല്‍ ഒക്ടോബര്‍ വരെയുള്ള ചരക്കുകളുടെ വരവോടെ മാത്രമേ ദൃശ്യമാകൂവെന്ന് കെപ്ലറിലെ ലീഡ് റിസര്‍ച്ച് അനലിസ്റ്റ് സുമതി റിതോലിയ പറഞ്ഞു.
അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്നതിനുള്ള പിഴയായി, ഇന്ത്യയില്‍ നിന്നുള്ള യുഎസ് ഇറക്കുമതിക്ക് 25 ശതമാനം അധിക താരിഫ് ചുമത്താനും അതുവഴി മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ത്താനുമാണ് ട്രംപ് തീരുമാനമെടുത്തത്.