
ചെന്നൈ: ചലച്ചിത്രനടി കസ്തൂരി ബിജെപിയിൽ ചേർന്നു. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും തമിഴ്‌നാട് ബിജെപി കലാസാംസ്കാരികവിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തിൽ പാർട്ടിയിലെത്തി.
1991-ൽ സംവിധായകൻ കസ്തൂരി രാജയുടെ ‘ആത്ത ഉൻ കോയിലിലെ’ എന്ന ചിത്രത്തിലൂടെയാണ് കസ്തൂരി സിനിമയിൽ അരങ്ങേറ്റംകുറിച്ചത്. തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചു.
തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ അധിക്ഷേപിച്ചകേസിൽ അടുത്തിടെ കസ്തൂരി അറസ്റ്റിലായിരുന്നു. 2024 നവംബറിൽ ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദപരാമർശം.