ഗാസ: സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഗാസയിൽ വീണ്ടും പട്ടിണി മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ പട്ടിണി മൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 240 ആയി ഉയർന്നു. ഇതിൽ 107 പേർ കുട്ടികളാണ്. യുദ്ധം മൂലം ആഹാരവും അവശ്യസാധനങ്ങളുമെത്താതെ ദുരിതത്തിലാണ് ഗാസ. ഇന്നലെ ഗാസയിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 41 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതിൽ 16 പേർ സഹായവിതരണ കേന്ദ്രങ്ങളിലെ ആക്രമണങ്ങളിലാണു കൊല്ലപ്പെട്ടത്.
ഇതിനിടെ, രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഇസ്രയേലിലെ ജയിലിലുള്ള ജനപ്രിയ പലസ്തീൻ നേതാവ് മാർവാൻ ബർഗൂതിയെ ഇസ്രയേൽ മന്ത്രി ഇതാമർ ബെൻവിർ സന്ദർശിച്ച് ഭീഷണിപ്പെടുത്തുംവിധം സംസാരിക്കുന്നതിന്റെ വിഡിയോ വിവാദമായി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പിൻഗാമിയായി ജനങ്ങൾ കാണുന്ന ബർഗൂതിയുടെ ജയിലിൽനിന്നുള്ള ദൃശ്യം ഏറെക്കാലം കൂടിയാണു പുറത്തുവരുന്നത്.











































