
ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി സിപി രാധാകൃഷ്ണൻ മത്സരിക്കും. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സിപി രാധാകൃഷ്ണൻ. ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത ഉപരാഷ്ട്രപതിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി പ്രതിപക്ഷ നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും നഡ്ഡ പറഞ്ഞു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓംപ്രകാശ് മാത്തൂർ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നീ ഒട്ടേറെ പേരുകൾ പരിഗണനയിലുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി.പി.രാധാകൃഷ്ണന് നറുക്കുവീണത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സി.പി.രാധാകൃഷ്ണൻ.
തിരുപ്പൂർ സ്വദേശിയായ സിപി രാധാകൃഷ്ണൻ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായി ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.
ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.