
ജറുസലം: ഗാസയിൽ ആക്രമണം ശക്തമാകുന്നതിനിടെ തെക്കൻ ഗാസയിലേക്ക് ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രയേൽ. വടക്കൻ ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ പുതിയ ആക്രമണപദ്ധതിയുടെ ഭാഗമായാണിത്. സുരക്ഷ ഉറപ്പാക്കാനെന്നു പറഞ്ഞാണ് പലസ്തീൻകാരെ ഒഴിപ്പിക്കുന്നത്. തെക്കൻ ഗാസയിൽ ടെന്റുകളും മറ്റു സഹായങ്ങളും ഒരുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കുള്ള ഗാസ സിറ്റിയിൽ ആക്രമണം രൂക്ഷമായി. ഹമാസിന്റെ ആയുധങ്ങളും തുരങ്കങ്ങളും തകർക്കാനാണു നീക്കമെന്നാണ് സൈന്യം പറയുന്നത്. തെക്കൻ ഗാസയിലേക്ക് ആളുകളെ ഒഴിപ്പിക്കാനുള്ള നീക്കം വംശഹത്യയുടെ പുതിയ ഘട്ടത്തിനു തുടക്കമിടുമെന്നു ഹമാസ് ആരോപിച്ചു.
ഇസ്രയേലിൽ ഇന്നലെ നടന്ന രാജ്യവ്യാപക സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഹമാസുമായി വെടിനിർത്തൽ കരാറിനു ശ്രമിച്ച് ബന്ദികളെ തിരികെയെത്തിക്കാനാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി.
ഇതിനിടെ, ഗാസയിൽനിന്ന് ചികിത്സയ്ക്കായി ഇറ്റലിയിലേക്കു കൊണ്ടുപോയ യുവതി ആശുപത്രിയിൽ മരിച്ചതായി അധികൃതർ അറിയിച്ചു. ഇറ്റലിയിലെ ആശുപത്രിയിൽ ചികിത്സ നൽകിയിട്ടും സ്ഥിതി മോശമായ മാര അബു സുഹ്റി (20) യാണു മരിച്ചത്. യെമനിലെ സനായ്ക്കു സമീപം ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹസീസ് ഊർജനിലയം ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു.