
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ പരിശോധന നടത്തി കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കളക്ടര്‍ ചുരത്തിലെത്തി പരിശോധന നടത്തിയത്. പിഡബ്ല്യുഡി, ജിയോളജി വകുപ്പ് ഉള്‍പ്പടെ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും കളക്ടര്‍ അറിയിച്ചു.
ഭാരംകൂടിയ വാഹനങ്ങളും ബസുകളും ഇപ്പോള്‍ കടത്തിവിടുന്നില്ല. സോയില്‍ സര്‍വേയും ജിയോളജി വിഭാഗത്തിന്റെ പരിശോധനയും നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് മറ്റ് വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
നിലവില്‍ ചുരം റോഡുവഴി ചെറു വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാനാണ് തീരുമാനം. കോഴിക്കോട് കളക്ടറുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. ബസും ലോറിയും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടത്തിവിടില്ല.
വ്യാഴാഴ്ചയും താമരശ്ശേരി ചുരം വ്യൂപോയന്റിനുസമീപം മണ്ണിടിഞ്ഞിരുന്നു. തുടര്‍ന്ന്, ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കളക്ടര്‍മാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, രാത്രിചേര്‍ന്ന യോഗത്തിനുശേഷമാണ് കോഴിക്കോട് കളക്ടര്‍ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചത്. നേരത്തേ, റവന്യൂമന്ത്രി കെ. രാജന്‍ കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗംവിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.