
കീവ്: യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിൽ ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം പ്രദേശത്ത് റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. 48 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെങ്ങും 598 ഡ്രോൺ, 31 മിസൈൽ ആക്രമണങ്ങളാണു റഷ്യ കഴിഞ്ഞ രാത്രി നടത്തിയത്. സമീപകാലത്തു റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഡ്രോണുകളിലെറെയും വെടിവച്ചിട്ടതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു.
കീവിലെ 7 ജില്ലകളിലാണ് കനത്ത ബോംബിങ് നടന്നത്. സിറ്റി സെന്ററിലെ ഷോപ്പിങ് മാൾ അടക്കം നൂറോളം കെട്ടിടങ്ങൾ തകർന്നടിഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങി. അതേസമയം, റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുക്രെയ്ൻ തുടർന്നു. സമാറ പ്രവിശ്യയിലെ ഒരു റിഫൈനറിയിൽ തീപിടിത്തമുണ്ടായി. യുക്രെയ്നിന്റെ 102 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു.