
കണ്ണൂർ: കണ്ണൂരിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു സ്ഫോടനമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു എന്നാണ് വിവരം. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഫോടനത്തിൽ വീട് തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാത്രി രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. വാടക വീടാണ് സ്ഫോടനത്തിൽ തകർന്നത്. രണ്ടുപേരാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഗോവിന്ദന്റെ വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തത്. അനൂപിനു പടക്ക കച്ചവടം ഉണ്ടെന്നു പറയപ്പെടുന്നു. രാത്രി രണ്ടു മണിക്കാണ് സ്ഫോടന ശബ്ദം കേട്ടതെന്ന് അയൽവാസി പറഞ്ഞു. ‘ വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. ശരീരത്തിനു മുകളിൽ മണ്ണ് വീണു കിടക്കുന്നുണ്ട്. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാർ വരുന്നത്. വീട്ടിൽ ലൈറ്റ് ഇടാറില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ ആളുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.