
ടോക്യോ: ഉയർന്ന തീരുവ ചുമത്തി ഇന്ത്യക്കെതിരേ യുഎസ് വ്യാപാരയുദ്ധം ആരംഭിച്ചിരിക്കേ, അതിനെ പ്രതിരോധിക്കാനുള്ള സാമ്പത്തിക-വിപണി സഹകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ജപ്പാനിലെത്തി. ഞായറാഴ്ച അദ്ദേഹം ചൈനയും സന്ദർശിക്കുന്നുണ്ട്.
അടുത്ത ഒരു പതിറ്റാണ്ടിനിടെ ജപ്പാനിൽനിന്ന് 10 ലക്ഷം കോടി യെന്നിന്റെ (5.99 ലക്ഷം കോടി രൂപ) സ്വകാര്യനിക്ഷേപം ഇന്ത്യയിലേക്കൊഴുകാൻ മോദിയുടെ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക സുരക്ഷ, വിസ, പാരിസ്ഥിതിക സുസ്ഥിരത, സാങ്കേതികവിദ്യ, ഇനവേഷൻ, ആരോഗ്യം, പ്രതിരോധം തുടങ്ങി എട്ടോളം മേഖലകളിൽ 10 വർഷത്തേക്ക് തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ആഗോള സുരക്ഷാവെല്ലുവിളികളെ നേരിടാൻ സുരക്ഷാസഹകരണം വർധിപ്പിക്കാനുള്ള രൂപരേഖയുമുണ്ടാക്കി. ചന്ദ്രയാൻ-5 ദൗത്യത്തിൽ ഇന്ത്യയുടെ ഐഎസ്ആർഒയുമായി ജപ്പാൻറെ ബഹിരാകാശ ഏജൻസിയായ ‘ജാക്സ’ സഹകരിക്കും. ചന്ദ്രന്റെ ഉപരിതലത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ധാരണകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ചന്ദ്രയാൻ-5 പദ്ധതി. അതിൽ ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണവൈദഗ്ധ്യവും പ്രയോജനപ്പെടുത്താനാകുമെന്നത് ഇന്ത്യക്ക് മുതൽക്കൂട്ടാണ്.
15-ാം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാവിലെ ടോക്യോവിലെത്തിയ മോദിക്ക് ഹൃദ്യസ്വീകരണമാണ് ഒരുക്കിയത്. പരമ്പരാഗത നൃത്തരൂപങ്ങളും നാടൻഗാനങ്ങളുമായി ജപ്പാൻകാരും മോഹിനിയാട്ടം, കഥക്, ഭരതനാട്യം, ഒഡീസി തുടങ്ങിയ കലാരൂപങ്ങളുമായി ജപ്പാനിലെ ഇന്ത്യൻ സമൂഹവും മോദിയെ സ്വീകരിച്ചു.
ദ്വിദിന സന്ദർശനത്തിനിടെ ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്ന ഇ-10 ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിനിന്റെ പ്രൊട്ടോടൈപ്പ് നിർമാണശാലയുൾപ്പെടെ നാല് ഫാക്ടറികൾ മോദി സന്ദർശിക്കും.
ജപ്പാൻ സന്ദർശനത്തിനുശേഷം ഞായറാഴ്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് തിരിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തും.