
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പരാതി അന്വേഷിക്കുന്ന സംഘം ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും. ഡിവൈഎസ്പി എൽ ഷാജി, എസ് സാജൻ, വി സാഗർ, ബിനോജ് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.
ഇവർക്കു പുറമെ വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരും സംഘത്തിലുണ്ടാകും.സാമൂഹിക മാധ്യമങ്ങൾവഴിയുള്ള സന്ദേശങ്ങളും കോളുകളുടേയും ആധികാരികത സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ രീതികൾ യോഗത്തിൽ തീരുമാനിക്കും.
ആറ് പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇവരുടെ കൈവശമുള്ള തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. അതേസമയം രാഹുലിനെതിരെ വെളിപ്പെടുത്തൽ നടത്തിയവർ ഇതുവരെ പരാതി നൽകിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴി പ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. കൂടാതെ പുറത്തുവന്ന സൈബർ തെളിവുകളും പരിശോധിക്കും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാൻ കഴിഞ്ഞ ദിവസം പൊലീസ് അസാധാരണ വാർത്താക്കുറിപ്പിറക്കിയിരുന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തതിനും സ്ത്രീകൾക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചതിനും നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ മെസ്സജേുകളയച്ചതിനും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് വാർത്താക്കുറിപ്പിലൂടെ പൊലീസ് അറിയിച്ചത്.
അതേസമയം യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുൻസംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. രാഹുലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.