
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ജാമ്യമില്ല. ഉമര്‍ ഖാലിദ്, തസ്ലീം അഹമ്മദ്, ഷര്‍ജീല്‍ ഇമാം എന്നിവരുള്‍പ്പെടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയുള്ള കേസുകളാണ് ഇവര്‍ക്കെതിരേയുള്ളത്.
ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ചാണ് തസ്ലീം അഹമ്മദ് ഒഴികെയുള്ള ഒന്‍പതുപേരുടെയും ജാമ്യാപേക്ഷ പരിഗണിച്ചത്. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷയും പരിഗണിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞത്.
രാജ്യത്തിനെതിരേയാണ് പ്രതികള്‍ പോരാടിയത്. അതിനാല്‍ വിചാരണ പൂര്‍ത്തിയാക്കുന്നതുവരെ ജാമ്യം നല്‍കരുതെന്നും ഡല്‍ഹി പോലീസിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഈ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. വിധിപ്രസ്താവത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള പത്തുപേരും 2020 മുതല്‍ ജയിലിലാണ്. നേരത്തേ നാലുതവണ പ്രതികളുടെ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍വന്നിരുന്നു. അന്നും കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു.