
ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി മൂലം ജനജീവിതം താറുമാറായി. യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹിയിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യമുനാ നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിൽ പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അപകടസൂചികയ്ക്കും മുകളിലാണ് യമുനാ നദി ഒഴുകുന്നത്. നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെയെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. അയ്യായിരത്തോളം പേരെയാണ് ഇത്തരത്തില്‍ ടെന്റുകളിലേക്ക് മാറ്റിയത്. യമുനാ നദിതീരങ്ങളില്‍ നിലവില്‍ പ്രളയഭീതി നിലനില്‍ക്കുന്നുണ്ട്. ഹരിയാണയില്‍ അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം ഡല്‍ഹിയിലേക്കാണ് ഒഴുകിയെത്തുന്നത്. നിരവധി കുടിലുകളില്‍ വെള്ളം കയറി. ജനജീവിതം ദുസ്സഹമായി.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 1988-ന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് പഞ്ചാബ് കടന്നുപോകുന്നത്. രണ്ടര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ജമ്മുവിലും ഹിമാചല്‍ പ്രദേശിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.