
കാബൂള്‍: അഫ്ഗാനിസ്താനില്‍ വീണ്ടും ഭൂചലനം. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.
അതേസമയം, കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രി 11.45 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1,400 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 3,000 പേര്‍ക്ക് പരിക്കേറ്റു. 8,000 വീടുകള്‍ തകര്‍ന്നു. താലിബാന്‍ ഭരണക്കൂട വക്താവ് സബിഹുള്ള മുജാഹിദ് ആണ് എക്‌സിലൂടെ മരണസംഖ്യ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വരുംദിവസങ്ങളില്‍ മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും വ്യത്യാസമുണ്ടായേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരാനും ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികൂലമായ കാലവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമുള്ളതിനാലാണിത്.
ഭൂചലനത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് കനത്തമഴ പെയ്തതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഭൂചലനത്തെത്തുടര്‍ന്ന് ചിലയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായത് റോഡുഗതാഗതത്തെയും ബാധിച്ചു. ഏതാനും ഇടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ആളുകള്‍ കുടുങ്ങികിടക്കുന്ന സാഹചര്യവുമുണ്ട്.
ദുരിതബാധിതര്‍ക്ക് ആദ്യ ഘട്ടമെന്നോണം താത്കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളും 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ത്യ എത്തിച്ചിരുന്നു. അഫ്ഗാന്‍ നേരിട്ട ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും അനുശോചനം രേഖപ്പെടുത്തിയിരുന്നു.